ഓരോ യാത്രയും ഒരു വിളിയാണ്, തീര്‍ത്ഥാടനമാണ്. ജീവിതങ്ങളെ,ഓര്‍മ്മകളെ, പ്രകൃതിയെ, സ്വപ്നങ്ങളെ തേടിയുള്ള പുറപ്പാടാണ്. വേനലവധിക്ക് ആസാമിലേക്കുള്ള യാത്ര അങ്ങനെയൊരു തീര്‍ത്ഥാടനമായിരുന്നു. ജന്മാന്തരങ്ങള്‍ക്കപ്പുറത്തേയ്ക്ക് പടരുന്ന, ആത്മാവില്‍ പിണഞ്ഞു കിടക്കുന്ന ചില ബന്ധങ്ങളുണ്ട്. അത് കേവലം യുക്തിക്കും അപ്പുറമാണ്. അല്ലെങ്കില്‍, മലനിരകളും, നദികളും, ഗോത്ര സംസ്കൃതിയും ഇഴചേര്‍ന്ന നോര്‍ത്ത്- ഈസ്റ്റ്, കേരളത്തിന്റെ മധ്യഭാഗത്ത് എറണാകുളം ജില്ലയില്‍ ജനിച്ചുവളര്‍ന്ന എന്റെ ആത്മാവിന്റെ ഭാഗമാകുന്നതെങ്ങനെ? ഖാസി, ഗാരോ, ബോഡോ സംസ്കൃതിയും ബിഹുവും ബ്രഹ്മപുത്രയും മുളങ്കാടുകളും എന്റെ ബോധാവബോധങ്ങളില്‍ പച്ചപിടിച്ചു പടര്‍ന്നുലയുകയും മോഹിപ്പിക്കുന്ന സൗന്ദര്യമായ് നിരന്തരം അലോസരപ്പെടുത്തുകയും ചെയ്തുതെങ്ങനെ?
അറുപതുകളില്‍ ജോലി തേടി ആസാമില്‍ എത്തിയ ഒരു അധ്യാപകന്റെ സ്വപ്നങ്ങളുടെയും ഇഷ്ടങ്ങളുടെയും നൊമ്പരങ്ങളുടെയും പിന്നാലെ ആറു ദശാബ്ദങ്ങള്‍ക്കിപ്പുറം മകള്‍ നടത്തിയ യാത്ര. കൊച്ചിക്കപ്പുറം ഒരു നാട് കണ്ടിട്ടില്ലാത്ത ആ യുവാവ്, എറണാകുളത്തുനിന്ന് കല്‍ക്കട്ടയിലേയ്ക്ക് നടത്തിയ ആദ്യ ട്രെയിന്‍ യാത്ര... വീണ്ടും മറ്റേതോ ട്രെയിനില്‍... സിലിഗുരിയിലേക്കാകണം... പിന്നീട് ചെറിയൊരു കടലോളം വലിപ്പമുള്ള ബ്രഹ്മപുത്രയുടെ മറുകരപറ്റാന്‍ കപ്പല്‍ പോലെ വലിയ ബോട്ടിലെ യാത്ര. എത്രയോ വട്ടം കേട്ടിട്ടും ആ ആദ്യ ആസാം യാത്ര ഇന്നും എന്റെ ഓര്‍മ്മകളിലെ പ്രിയമാര്‍ന്ന ഒരു യാത്രാവിവരണമായി തിളങ്ങി നില്‍ക്കുന്നു.
ഗോഹറട്ടിയിലെ ആദ്യ സായന്തനം മോഹനമാക്കിയത് ബ്രഹ്മപുത്രയുടെ ഓളങ്ങളിലേക്ക് ഒഴുകി ഇറങ്ങിയ അസ്തമയ സൂര്യന്റെ കിരണങ്ങളായിരുന്നു. അത്താഴത്തോടൊപ്പമുള്ള ക്രൂസ് യാത്രാനുഭവം തികച്ചും വൃത്യസ്തമായിരുന്നു. ക്രൂസിന്റെ ഉള്‍ത്തളങ്ങളില്‍ ഒഴുകിപ്പരന്ന അലങ്കാര ദീപങ്ങള്‍ പുറത്ത് ഗുവാഹട്ടി നഗരത്തിന്റെ ദീപ്രപഭയുമായി കലര്‍ന്ന്, നിലാവുറഞ്ഞ ബ്രഹ്മപുത്രയുടെ ഓളപ്പരപ്പില്‍ അലിഞ്ഞിറങ്ങി. ക്രൂസിനകത്ത് ആസാംകാരനായ ഗായകന്‍ അപ്പോള്‍ ലതാ മങ്കേഷ്കറും കിഷോര്‍ കുമാറും പാടിയ മനോഹരമായ ഒരു ഗാനം ആലപിക്കുകയായിരുന്നു. “തേരെ ബിനാ സിന്ദഗി സെ'........ആ വരികളില്‍ അലിഞ്ഞ് മുക്തമായ ഒരു താരാട്ട് പോലെ ഓര്‍മ്മകള്‍ ബ്രഹ്മപുത്രയ്ക്കു മീതെ ഉഴറി നടന്നു. ആറുപതിറ്റാണ്ടുകള്‍ക്കു ശേഷം പ്രിയപ്പെട്ട പിതാവിന്റെ ഓാര്‍മ്മകള്‍ക്കുള്ള ബലിതര്‍പ്പണം ഈ ബ്രഹ്മപുത്രയുടെ ആഴങ്ങളില്‍. ഓര്‍മ്മ വച്ച നാള്‍ മുതല്‍ അപ്പച്ചനില്‍ നിന്നു കേട്ടിരുന്ന ആസാം കഥകള്‍ എത്രയെത്രയാണ്! വെറും അനുഭവങ്ങളുടെയും കാഴ്ചകളുടെയും വിവരണങ്ങളായിരുന്നില്ല, അതൊന്നും. അത്യപൂര്‍വ്വമായ ഭാവനയുടെയും ഭാഷാ ചാരുതയുടെയും സങ്കലനത്തിലൂടെ ഉരുത്തിരിയുന്ന ഒരു വ്യത്യസ്ത genre തന്നെയായിരുന്നു. ഡോണ്‍ ബോസ്‌കോസ്കൂളിലെ അധ്യാപനം, ഖാസി ഗാരോ കുന്നുകളിലെ ജീവിതങ്ങള്‍, ആഘോഷങ്ങള്‍, ആചാരങ്ങള്‍, മരുമക്കത്തായ സമ്പ്രദായം. ഷില്ലോങ്ങിലേക്ക് ഫാദര്‍ വില്ലി എന്ന വിദേശ പുരോഹിതന്റെ വെസ്പ സ്കൂട്ടറിനു പിന്നിലിരുന്നുള്ള യാത്രകള്‍, ഗുവാഹട്ടി യൂണിവേഴ്‌സിറ്റിയിലെ പഠനകാലത്ത് സഹപാഠികളായിരുന്ന ബംഗാളികളായ വയോധികരുടെ വിശേഷങ്ങള്‍, രുചിയേറിയ വിഭവങ്ങള്‍ ഉണ്ടാക്കിയിരുന്ന ഡോണ്‍ ബോസ്കോയിലെ കുശിനിക്കാരന്റെ കഥകള്‍.... പറഞ്ഞതും പറയാത്തതും അറിയാത്തതുമായ ഒരുപാട് അത്ഭുത കഥകളുടെ പവിഴദ്വീപുകള്‍ ബ്രഹ്മപുത്രയുടെ ആഴങ്ങളില്‍ എവിടെയോ തേടുകയായിരുന്നു, ഒരു മണിക്കൂര്‍ നീണ്ട ക്രൂസ് യാത്രയില്‍.
അതിനുശേഷം രാത്രിവെട്ടത്തില്‍ ഗുവാഹട്ടിയുടെ തെരുവുകളില്‍ അലയാനിറങ്ങി. മണ്ണുകൊണ്ടുള്ള ഗ്ലാസില്‍ വിളമ്പിയ ചൂടുള്ള മസാലച്ചായകുടിച്ച് പുറത്തേക്കിറങ്ങിയപ്പോള്‍ മണി പതിനൊന്നായിക്കാണും. അപ്പോഴും നഗരത്തില്‍ ആകെ തിരക്ക്. തോരണങ്ങളും, ദീപാലങ്കാരങ്ങളും. ബിഹു എന്ന ആസാമിന്റെ പ്രധാനപ്പെട്ട ഉത്സവം കഴിഞ്ഞിട്ട രണ്ടുദിനമേ ആയിട്ടുള്ളൂ. നമ്മുടെ ഓണം പോലെ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ഉത്സവം. പാട്ടും നൃത്തവും കലാമേളകളും, വ്യാപാരോത്സവങ്ങളുമൊക്കെ നിറയുന്ന ആഘോഷരാവുകള്‍. റോഡിന് ഇരുവശവും കരകാശലവസ്തുക്കള്‍, ബാഗുകള്‍, ആസാംസില്‍ക്ക്, ആസാംചായ, മത്സ്യബന്ധനവുമായി ബന്ധപ്പെട്ട ഉപകരണങ്ങള്‍...
അങ്ങനെ വിന്‍ഡോ ഷോപ്പിംഗ് നന്നായി ആസ്വദിച്ചു. ഒരു ഷോറൂമില്‍ നിന്ന് ജാപ്പി എന്നറിയപ്പെടുന്ന പരമ്പരാഗത തൊപ്പി ഒരെണ്ണം വാങ്ങി. അതിഥികളെ സ്വീകരിക്കാന്‍ ആസാംകാര്‍ ഉപയോഗിക്കുന്ന ഗമോസ എന്ന് പേരുള്ള ഷാള്‍ സുഹൃത്തുക്കളായ OSJ ഫാദേഴ്‌സ് നടത്തുന്ന സെന്റ് ജോസഫ് സ്‌കൂള്‍ സന്ദര്‍ശിക്കാന്‍ പോയപ്പോള്‍ ലഭിച്ചിരുന്നു. അവരുടെ ഹൗസിൽ നിന്ന് ബിഹുവിന്റെ മധുര പലഹാരങ്ങളും, ആസാം സ്പെഷ്യല്‍ പോര്‍ക്ക് വിഭവങ്ങളും രുചിച്ചു. അവരോടൊപ്പം സ്കൂളിലെ ഒരു അധ്യാപികയുടെ സഹോദരന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയതുകൊണ്ട് ആസാമിലെ പരമ്പരാഗത വിവാഹത്തിന്റെ നുറുങ്ങനുഭവം കിട്ടി. മൂന്നു രാപ്പകലുകള്‍ നീളുന്നതാണത്രെ അവിടത്തെ വിവാഹാഘോഷങ്ങള്‍. ഞങ്ങള്‍ പോയത് ആദ്യദിനമാണ്. അന്ന് രാത്രി വധുവിന്റെ വീട്ടിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലാണ് എല്ലാവരും. വീണ്ടും പിറ്റേന്ന് തിരിച്ചുവന്ന് ഇവിടെ ആഘോഷങ്ങള്‍ തുടരും. മൂന്നു ദിവസവും അതിഥികള്‍ക്ക് എല്ലാ നേരവും ഭക്ഷണം പന്തലില്‍ റെഡി. വാദ്യ ഘോഷങ്ങളും, പാട്ടും ഒക്കെയായി കല്യാണം കഴിയുമ്പോഴേക്കും പങ്കെടുത്തവരൊക്കെ ഒരു പരുവമാകും. ഇതിനിടയില്‍ ക്രൂസില്‍ വച്ച് ആസാമിന്റെ ഫോക്ക് നൃത്തരൂപമായ ബിഹു ഡാന്‍സും കാണാനായി.
അടുത്തദിവസത്തെ യാത്ര കാസിരംഗ നാഷണല്‍ പാര്‍ക്കിലേയ്ക്കായിരുന്നു. പാഠപുസ്തകങ്ങളില്‍ കേട്ടറിഞ്ഞിട്ടുള്ള കാസിരംഗയായിരുന്നില്ല കണ്ടറിഞ്ഞത്. അനേകം ഏക്കറുകള്‍ പരന്നു കിടക്കുന്ന ഈ പാര്‍ക്കിന്റെ ഒരറ്റത്തു മാത്രമേ കയറാന്‍ കഴിഞ്ഞുള്ളൂ. ആന സഫാരി ഉള്ളത് അവിടെ മാത്രമാണ്. മറ്റ് ഇടങ്ങളിലൊക്കെ ജീപ്പാണ്. നിബിഡമല്ലാത്ത വനത്തില്‍ കൂടി ആനപ്പുറത്ത് കയറിപ്പോയാല്‍ ഒറ്റക്കൊമ്പന്‍ റൈനോയെ കാണാമെന്നുറപ്പാണ്. കാരണം ജീപ്പ് പോകാത്തിടത്തൊക്കെ ആന പോകും. ലക്കി എന്നു പേരുള്ള ആന ഞങ്ങളെയും ലക്കിയാക്കി. നിരവധി റൈനോകളെ അടുത്തു കാണാന്‍ സാധിച്ചു. കാസിരംഗയില്‍ മാത്രമേ ഒറ്റക്കൊമ്പുള്ള റൈനോയെ കാണാന്‍ സാധിക്കൂ.
കുങ്കുമപ്പൂ വിതറിയ വഴിയിലൂടെയാണ് കാമാഖ്യ ക്ഷ്രേതത്തിലേക്ക് പ്രവേശിക്കുന്നത്. വലിയൊരു കുന്നിന്‍ മുകളിലുള്ള കാമാഖ്യ ദേവിയുടെ പുരാതനമായ ക്ഷേത്രം ഐതിഹ്യങ്ങള്‍ നിറഞ്ഞതാണ്. രക്തവര്‍ണ്ണത്തിലുള്ള പട്ടുചേലകളും, ചരടുകളും, മറ്റു പൂജാസാമഗ്രികളും, നിറഞ്ഞുകിടക്കുന്ന കടകളാണ് വഴിയോരം നിറയെ. അകവും പുറവും ചുവപ്പിന്റെ സൌന്ദര്യത്തില്‍ ആറാടി നില്‍ക്കുന്ന ക്ഷേത്രത്തിലെ വിഗ്രഹങ്ങളില്‍ ഒക്കെ തന്നെ ചുവന്ന കുങ്കുമാഭിഷേകം.
പിറ്റേന്ന് രാവിലെ ആറു മണിക്കു തന്നെ മേഘാലയിലേയ്ക്ക്. നേരം പുലര്‍ന്ന് കുറേയായിട്ടും കടകള്‍ ഒന്നും തന്നെ തുറന്നിട്ടില്ല, വഴിയോരങ്ങള്‍ ഏറെക്കുറെ വിജനമാണ്. ഇടയ്ക്കിടെ “Shops Open" എന്ന ബോര്‍ഡുള്ള കടകള്‍ തുറന്നിരിക്കുന്നത് കണ്ടപ്പോള്‍ കൂടെയുള്ള സുഹൃത്തിനോട് ചോദിച്ചു അതെന്താണെന്ന്. അത് മദ്യക്കടകള്‍ ആണത്രേ. പിന്നങ്ങോട്ട വഴിനീളെ “Shops Open" തന്നെ. മഞ്ഞും മഴയും വെള്ളച്ചാട്ടങ്ങളും നിറഞ്ഞ മേഘാലയ എന്നും മനസ്സിനെ മോഹിപ്പിച്ചിരുന്നു. ചുരം കയറുംതോറും സസ്യജാലങ്ങളുടെ രൂപവും ഭാവവും മാറി മാറി വന്നു. വഴിയില്‍ പരമ്പരാഗത വേഷം ശരിച്ച സ്ത്രീകളും പുരുഷന്മാരും, സ്കൂള്‍ ബസ് കാത്തുനില്‍ക്കുന്ന കുട്ടികളും. പലയിടത്തും പഴങ്ങള്‍ വില്‍ക്കാന്‍ വച്ചിരിക്കുന്നു. ഒപ്പം കുപ്പികളില്‍ ബാംബു മുളകളും പലതരം അച്ചാറുകളും.
മുളങ്കാടുകള്‍ക്കിടയിലൂടെ തണുത്ത കാറ്റിന്റെ കൂട്ടുചേര്‍ന്ന് യാത്ര മുന്നോട്ട് പോകവേ, ഇലച്ചാര്‍ത്തുകള്‍ക്കിടയിലൂടെ ഒരു തടാകത്തിന്റെ തുണ്ട് ദൃഷ്ടിയില്‍ പെട്ടു. പതിയെപ്പതിയെ, കാലിഡോസ്കോപ്പിലെ വര്‍ണ്ണ വിസ്മയങ്ങള്‍ പോലെ, പല ഭാവങ്ങളില്‍, പല ആംഗിളുകളില്‍ താഴെ ഒരു തടാകത്തിന്റെ കാഴ്ച കണ്‍നിറയെ. ഏതോ യൂറോപ്യന്‍ രാജൃത്തിലെപ്പോലെ മലനിരകളുടെ ബാക്ക്ഡ്രോപ്പില്‍ ഇളം നീലനിറമാര്‍ന്നൊരു തടാകം. ഉമിയം തടാകം - ഡാമിന്റെ റിസര്‍വോയറിലെ ഒരു കൃത്രിമ തടാകം. കടല്‍പ്പാലം പോലെ മുന്നിലേക്ക് കയറിക്കിടക്കുന്ന മണ്‍തിട്ടയുടെ കൂര്‍ത്ത പാറ്റേണ്‍, തടാകത്തിനു വേറൊരു അപ്പീല്‍ നല്‍കുന്നു. തടാകത്തിന്റെ ഓരം ചേര്‍ന്ന് വണ്ടി താഴേയ്ക്ക് അനുപമമായ മറ്റൊരു ദൃശ്യ വിസ്മയത്തിലേക്കു ഒഴുകിയിറങ്ങി. വീശിയടിക്കുന്ന കുളിര്‍ക്കാറ്റില്‍ തടാകത്തിന്റെ ചാരുതയിലലിഞ്ഞങ്ങനെ നിന്നുപോയി. ചാരെതന്നെ പരമ്പരാഗത ഖാസി വേഷത്തില്‍ ഫോട്ടോയെടുക്കാന്‍ സൌകര്യമുണ്ട്. ഒരു കപ്പിള്‍ ഫോട്ടോ എടുത്തു. വീണ്ടും തടാകക്കരയിലൂടെ നടന്നിട്ടും നടന്നിട്ടും കൊതി തീരുന്നില്ല. ഏറുമാടങ്ങളില്‍ ഒന്നില്‍ കയറി കൊതിതീരും വരെ ഫോട്ടോയെടുത്തു.
നോര്‍ത്ത് ഈസ്റ്റിന്റെ കലാസാംസ്‌കാരിക പൈതൃകവും വൈവിധ്യവും പ്രതിനിധാനം ചെയ്യുന്ന പ്രശസ്തമായ ഡോണ്‍ ബോസ്‌കോ മ്യൂസിയമായിരുന്നു, അടുത്ത ഡെസ്റ്റിനേഷന്‍. നിരവധി നിലകളിലായി ടെക്നോളജിയും ഇന്റീരിയര്‍ വൈദഗ്ധ്യവും കലാത്മകതയും സമന്വയിപ്പിച്ച് ഓരോ സംസ്ഥാനത്തെയും കൃത്യമായി അടയാളപ്പെടുത്തിയിരിക്കുന്ന മ്യൂസിയം. ഇങ്ങനെയൊരു മ്യൂസിയം വിഭാവനം ചെയ്യുകയും വര്‍ഷങ്ങള്‍ നീണ്ട ഗവേഷണത്തിലൂടെ ഇത്രയധികം മെറ്റീരിയല്‍ കളക്ഷന്‍ നടത്തി വളരെ കലാപരമായും വൈജ്ഞാനികപരമായും നോര്‍ത്ത് ഈസ്റ്റിന്റെ ചരിത്രവും, ഭൂമിശാസ്ര്രവും, കലയും, സംസ്കാരവും, ജീവിതവും, ആലേഖനം ചെയ്ത പ്രതിഭകളെ മനസ്സാ നമിച്ചു.
അവിടെനിന്ന് നേരെ പോയത് എലിഫന്റെ ഫോള്‍സ് എന്ന് പേരുള്ള വെള്ളച്ചാട്ടത്തിലേക്കാണ്. എന്‍ട്രന്‍സില്‍ നിന്ന് സ്റ്റെപ്പുകള്‍ ഇറങ്ങി ചെല്ലുമ്പോള്‍ മൂന്നു വെള്ളച്ചാട്ടങ്ങള്‍. മേഘങ്ങളുടെ ആലയം, വെള്ളച്ചാട്ടങ്ങളുടെ ആലയം കൂടിയാണ്. എവിടെ തിരിഞ്ഞാലും മോഹിപ്പിക്കുന്ന സൗന്ദര്യം. ഓരോ മലയില്‍ നിന്നും പതഞ്ഞൊഴുകുന്ന എണ്ണമറ്റ വെള്ളച്ചാട്ടങ്ങള്‍.
സെവന്‍ സിസ്റ്റേഴ്‌സ് എന്നു പേരിട്ട ഒരേ മലയില്‍ ഒഴുകുന്ന ഏഴു ലാവണ്യ പ്രവാഹങ്ങള്‍ അതിമനോഹരം. അഭൗമിക സൗന്ദരൃമാണ് മേഘാലയ. മിഴികള്‍ക്കു ചുറ്റിലും വിരാമമില്ലാതെ പെയ്തു നിറയുന്ന സൗന്ദര്യമഴ. ആദ്യത്തെ കാഴ്ചയില്‍ കണ്ണുടക്കി ആശ്ചര്യത്തോടെ മതിമറന്നങ്ങനെ നിന്നുപോകും. ഈ വശ്യ സൗന്ദര്യം ആവോളം നുകരാന്‍ ഇന്ദ്രിയങ്ങളും സമയവും അപര്യാപ്തമെന്ന് ചിന്തിച്ച്, മിഴിയൊന്ന് ചിമ്മവേ, വീണ്ടും മറ്റൊരു അതീന്ദ്രിയമായ സൗന്ദര്യാനുഭവത്തിലേക്ക് കണ്ണുകള്‍ പായും. മജീഷ്യന്റെ ചെപ്പില്‍ നിന്ന് പുഷ്പങ്ങള്‍ പുറത്തുവരുന്നതുപോലെ അന്തമില്ലാതെ വീണ്ടും വീണ്ടും സൗന്ദര്യ കാഴ്ചകള്‍ വന്നു നിറയും. ഇന്ത്യയെ മൊത്തം കണ്ടുതീരാന്‍ ഒരു ജന്മം പോര എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. നോര്‍ത്ത് ഈസ്റ്റ് കണ്ടുതീരാന്‍ പാതി ജന്മം വേണ്ടിവരും.
ലോകത്തില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്ന സ്ഥലം ചിറാപുഞ്ചിയാണെന്ന് സാമൂഹ്യപാഠം ക്ലാസ്സില്‍ പഠിച്ചിട്ടുണ്ട് . അതേ ചിറാപുഞ്ചിയിലേക്കാണ് അടുത്ത യാത്ര . മേഘങ്ങളുടെ തേരേറിയുള്ള യാത്രയില്‍ ഇരുവശങ്ങളിലും പ്രകൃതിയുടെ മായക്കാഴ്ചകള്‍ ശരവേഗത്തില്‍ പിന്നോട്ടു കുതിക്കുമ്പോള്‍, അതിനൊപ്പമെത്താന്‍ മിഴികള്‍ക്ക് കഴിയുന്നില്ല. വണ്ടി നിര്‍ത്തി കണ്ണുകള്‍ കൊണ്ടും ക്യാമറ കൊണ്ടും കാഴ്ചകള്‍ ഒപ്പിയെടുക്കാന്‍ പെടാപ്പാടുപെട്ടു. ഒരു ഫ്രെയിമിലും വഴങ്ങാതെ മായപൊന്മാന്‍ പോലെ പ്രകൃതി കുതറിയോടുന്നു. വഴിയരികില്‍ പരമ്പരാഗത ശൈലിയിലുള്ള വീടുകള്‍. തികച്ചും വൃത്തിയും മനോഹാരിതയും ഉള്ള വീടുകള്‍ക്ക്, ഒരു വിക്ടോറിയന്‍ ടച്ച്. പ്രധാന പാതകളും, ഓരങ്ങളും, കച്ചവട കേന്ദ്രങ്ങളും, ഒക്കെ ക്ലീന്‍ ക്ലീന്‍. ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള ഗ്രാമം ഇവിടെയാണെന്ന് കേട്ടിട്ടുണ്ട്. ഓരോ കിലോമീറ്ററുകള്‍ പിന്നിടുമ്പോഴും ഓരോ വില്ലേജിന്റെ പേര്‍ കാണാം. വഴിയിലൊരിടത്ത് ഒരു ട്രൈബിന്റെ കായിക മത്സരങ്ങള്‍ നടക്കുന്നു. യുവാക്കള്‍ മുതല്‍ ഈന്നുവടിയുമായി നടക്കുന്ന വൃദ്ധന്മാര്‍ വരെ കൂട്ടം ചേര്‍ന്നുള്ള ആഘോഷം. ദൂരങ്ങള്‍ പിന്നിടുന്തോറും സസ്യജാലങ്ങളും കുറെക്കൂടി കാതരമാകുന്നു. പൈന്‍ മരങ്ങളുടെ ഇലകള്‍ക്കുപോലും വൃത്യാസമുണ്ട്. രൂപത്തിലും ഭാവത്തിലും അതിശയിപ്പിക്കുന്ന വൈവിധ്യവുമായി മേഘാലയ കാറ്റിലാടി പൂത്തുലഞ്ഞു നില്‍ക്കുന്നു. സന്ധ്യയോടെ താമസസ്ഥലത്ത് എത്തി. സാല്‍മിക എന്നു പേരുള്ള പ്രോപ്പര്‍ട്ടിയില്‍ നിറയെ കോട്ടേജുകള്‍. ഓരോന്നും മറ്റുള്ളവയില്‍ നിന്ന് വ്യത്യസ്തം. കല്ലുപാകിയ തറയും, മരച്ചീളുകള്‍ പതിച്ച മതിലും, നെരിപ്പോടുമുള്ള ഒരു കോട്ടേജാണ് ഞങ്ങള്‍ക്ക് കിട്ടിയത്. ആധുനിക സാകര്യങ്ങളും പഴമയുടെ കൌതുകങ്ങളും ഇഴചേരുന്ന കോട്ടേജിന് സാക്ഷകളുള്ള വാതിലുകളും ജനലുകളുമായിരുന്നു. യാത്രാ ക്ഷീണം കൊണ്ട് നേരത്തെ ഉറങ്ങിപ്പോയി. ഇടയ്ക്ക് ഞെട്ടിയുണര്‍ന്നത്, മഴയുടെ ശബ്ദം കേട്ടാണ്. മേല്‍ക്കൂരയ്ക്കുമേല്‍ വലിയ ശബ്ദത്തോടെ ചിറാപുഞ്ചിയിലെ പ്രശസ്തമായ മഴ തിമിര്‍ത്തു പെയ്യുന്നു. വൈദ്യുതിയും നിലച്ചു. തവളകളുടെ നിലയ്ക്കാത്ത കരച്ചിലും, തുള്ളിക്കൊരുകുടം പോലെ പെയ്യുന്ന മഴയും, ചെറുപ്പകാലത്തെ പേടിപ്പെടുത്തുന്ന കര്‍ക്കിടക രാത്രികളെ ഓര്‍മിപ്പിച്ചു.
ഗുഹകളുടെ രഹസ്യ വിസ്മയങ്ങളിലേക്കും വെള്ളച്ചാട്ടങ്ങളുടെ വശ്യമനോഹാരിതയിലേക്കുമായിരുന്നു, അടുത്ത യാത്ര. ഒരു മലയിടുക്കിനുള്ളില്‍ സ്ഥിതി ചെയ്യുന്ന രണ്ടു ഗുഹകള്‍ സന്ദര്‍ശിച്ചു. അവയ്ക്കുള്ളിലേക്ക് പ്രവേശിക്കുമ്പോള്‍ കാലം പോലും പിന്നിലേക്ക് പോകുന്നതായി തോന്നി. ചരിത്രാതീത കാലത്തെ മനുഷ്യരെയും താപസന്മാരെയും ഓര്‍ത്തു. ഇന്നും ഈ ഗുഹകള്‍ അതേ നിലയില്‍ സംരക്ഷിച്ചിരിക്കുന്നു. ക്യാമറയിലൂടെ, ഓര്‍മ്മയുടെ ഫ്രെയിമില്‍ എന്നെന്നേക്കുമായി കരുതിവയ്ക്കാനുള്ള ശ്രമമാണ്. കണ്ടു കൊതി തീരാത്ത കാഴ്ചകള്‍... മനോഹരമായ കുറേ വെള്ളച്ചാട്ടങ്ങള്‍ പിന്നെയും കണ്ടു. പേരുകള്‍ ഒന്നും ഓര്‍മ്മയില്ല. അത്രമാത്രം കാഴ്ചകള്‍ കൊണ്ട് കണ്ണ് കുഴഞ്ഞു.
ദൗക്കി നദിയിലേക്കുള്ള പിറ്റേന്നത്തെ യാത്ര മഴയ്ക്കൊപ്പമായിരുന്നു. രാത്രി തുടങ്ങിയ മഴ തെല്ലൊന്ന് മുറിഞ്ഞപ്പോഴാണ് ഞങ്ങള്‍ പുറത്തിറങ്ങിയത്. ടൂറിസ്റ്റുകളൊന്നും കാര്യമായി വന്നു തുടങ്ങിയിട്ടില്ല. മഴയെ പേടിച്ച് വഞ്ചിക്കാരും ഇറങ്ങിയിട്ടില്ല. തേടിപ്പിടിച്ച് കിട്ടിയ ഒരു തോണിക്കാരന്‍ ഉടനെ തന്നെ, തോണിയില്‍ കെട്ടിക്കിടന്ന മഴവെള്ളം കോരി കളഞ്ഞു. വഞ്ചിയിലേക്ക് കയറുന്ന സ്ഥലം നിറയെ വെള്ളാരം കല്ലുകള്‍. അതിന്റെ തൊട്ടു പിന്നില്‍, രണ്ടു നിരയായടുക്കിയ വെള്ളാരം കല്ലുകള്‍ കാണിച്ചു അയാള്‍ പറഞ്ഞു “അത് ബംഗ്ലാദേള്‍ അതിര്‍ത്തിയാണ്”. പോസ്റ്റോ, ഫ്ളാഗോ, ഒന്നുമില്ല. അപ്പുറത്തു ബംഗ്ലാദേശുകാര്‍ നിന്ന് ഉന്തുവണ്ടികളില്‍ കച്ചവടം നടത്തുന്നു. ബംഗ്ലാദേശില്‍ കാല്‍ കുത്തി നിന്ന് ഒരു ഫോട്ടോ എടുക്കാൻ മോഹം. കാല്‍ അപ്പുറത്തു കുത്തിയതും വിസില്‍ മുഴങ്ങി. ദൂരെ ഒരു ടെന്റില്‍ നിന്ന് ബോര്‍ഡര്‍ പോലീസ്. ശ്രമം വേണ്ടെന്നു വച്ച് തോണിയില്‍ കയറി. പച്ച നിറമുള്ള നദി. താഴെ വെള്ളാരം കല്ലുകളും, മീനുകളും തെളിഞ്ഞു കാണാം.
ക്രിസ്റ്റല്‍ ക്ലിയർ വാട്ടര്‍ എന്നുപറയുന്നത് എന്താണെന്നു മനസ്സിലായി. തുഴഞ്ഞു തുഴഞ്ഞു ദൂരെ ഒരു മണല്‍തിട്ടയോട് ചേര്‍ന്ന് തോണി നിര്‍ത്തിയതും മഴ തുടങ്ങി. മൂടല്‍ മഞ്ഞുപോലെ മേഘങ്ങള്‍ താഴേക്കിറങ്ങി വരുന്നു. മഴ തോര്‍ന്നെന്നു തോന്നിയപ്പോഴേക്കും തിരികെ തുഴഞ്ഞു. കരയ്ക്കെത്തിയതും, വീണ്ടും പെരുമഴ. ദൌക്കിയിലെ തോണി യാത്രയ്ക്ക് വേണ്ടി പ്രകൃതി കനിഞ്ഞു നല്‍കിയ ചെറിയൊരു ബ്രേക്ക്. തിരിച്ചു ഷില്ലോങ്ങിലേയ്ക്കുള്ള വഴിനീളെ പേമാരി. പക്ഷേ അത് മറ്റൊരു വിസ്മയ മഴയിലേയ്ക്കുള്ള പ്രയാണമായിരുന്നു. പട പടാ ശബ്ദത്തില്‍ കാറിന്റെ റൂഫില്‍ മഴത്തുള്ളിയോടൊപ്പം ആലിപ്പഴം പൊഴിയുന്നു. കൗതുകവും ആഹ്ളാദവും ഉടനെ ഭീതിക്ക് വഴിമാറി. കാരണം നൂറുകണക്കിന് മഞ്ഞു കട്ടകളാണ് ചറപറാന്ന് വീഴുന്നത്. കാറിന്റെ ഫ്രണ്ട്‌ഗ്ലാസ് പൊട്ടുമോ എന്ന് പേടിച്ചു. വഴിയരികിലും നിറയെ ആലിപ്പഴം വീണു കിടക്കുന്നത് വിന്‍ഡോ ഗ്ലാസിലൂടെ കാണാം. മഴത്തുള്ളികളും ആലിപ്പഴവും മത്സരിച്ചു പെയ്യുന്ന നനുത്ത വഴിയിലൂടെ ഒരു കണക്കിനാണ് ഷില്ലോങ്ങിലെത്തിയത്. അപ്പോഴേക്കും വഴിനിറയെ മഞ്ഞുമൂടിയിരുന്നു. ഫോഗ് ലൈറ്റിനെ പോലും തോല്‍പ്പിക്കുന്ന കട്ടിമഞ്ഞ്. മഞ്ഞും, മേഘവും കൊരുത്ത സുന്ദരമായ ഒരു വനമാലയാണ് മേഘാലയ. വീണ്ടും വീണ്ടും മോഹിപ്പിക്കുന്ന, മാടിവിളിക്കുന്ന സൌന്ദര്യം. സെന്റ അഗസ്റ്റിന്റെ “Confessions” ന്റെ തുടക്കത്തിലെ വരികള്‍ ഓര്‍മ്മ വന്നു; “അഭൗമസൗന്ദര്യമേ നിന്നെ അറിയാന്‍ ഞാന്‍ എത്ര വൈകിപ്പോയി!” അല്ല, ഞാന്‍ നിന്നെ അറിഞ്ഞിരുന്നു, അപ്പച്ചന്റെ വാക്കുകളിലൂടെ, വര്‍ണ്ണനകളിലൂടെ, എന്റെ ഭാവനയിലൂടെ. പക്ഷേ കാണാന്‍, അനുഭവിക്കാന്‍ ഏറെ വൈകിപ്പോയി. ഇനിയും സമയമുണ്ട്, ഇനിയും ഋതു ക്കളുണ്ട്. വീണ്ടും വരും, ഈ മഴ നനയാന്‍, മഞ്ഞു നുകരാന്‍.
Associate Professor, Department of English, St. Xavier’s College for Women, Aluva, Kerala, India