ഔട്ട് ഓഫ് റേഞ്ച്

ഔട്ട് ഓഫ് റേഞ്ച്

പണ്ട് മുറികളുണ്ടായിരുന്നില്ല.
ആകാശം പോലെ, കടൽ പോലെ.
അവിടെ വിടർന്ന മിഴികളുണ്ടായിരുന്നു,
നിറഞ്ഞ മിഴികളുണ്ടായിരുന്നു.
മിടിക്കുന്ന ഹൃദയങ്ങളുണ്ടായിരുന്നു,
ഇടറുന്ന ഹൃദയങ്ങളുണ്ടായിരുന്നു.
മിഴിത്തുമ്പുകൊണ്ടു തൊട്ടാൽ
മായുന്ന നൊമ്പരങ്ങളുണ്ടായിരുന്നു.
ഹൃദയത്തുമ്പുകൊണ്ടു തൊട്ടാൽ
വിരിയുന്ന അറിവുകളുണ്ടായിരുന്നു.
ഞങ്ങളൊരുമിച്ചു യാത്രകൾ പോയി
നാടുകൾ കണ്ടു, കാടുകൾ കണ്ടു
മലകൾ കേറി, കടലുകൾ താണ്ടി
സൂര്യനെത്തൊട്ടു, ചന്ദ്രനെത്തൊട്ടു.
നാളെത്ര കഴിഞ്ഞു!

ഒരുറക്കത്തിൽ നിന്നു കൺതുറന്നപ്പോൾ
മുറികൾ …
മുറികൾ മാത്രം.
മുഖങ്ങളില്ലാത്തവരും
മിഴികളില്ലാത്തവരും
തിങ്ങിനിറഞ്ഞ മുറികൾ.
ഓബ്ജക്ടീവ്സ്‌, ഔട്ട്കം
പെർഫോർമൻസ്, ക്വാളിറ്റി,
ഗ്രേഡിങ്ങ്‌, റേറ്റിങ്ങ്…
പോർട്ടലിൽ എല്ലാം അപ് ലോഡ് ചെയ്ത്
തലയുയർത്തി നോക്കുമ്പോൾ
മുറി ശൂന്യം.
അസൈൻമെൻറും സെമിനാറും
പ്രൊജക്റ്റും പരീക്ഷയും കഴിഞ്ഞു.
ഛെ… മോശം…
കുട്ടികളുടെ പേരു പോലും ചോദിച്ചില്ല.
അടുത്ത ക്ലാസിലാകാം എന്നു നിനച്ചു .

എന്നാലിപ്പോൾ
മുറിയുമില്ല,, ആളുമില്ല.
മുന്നിൽ വെളുത്ത സ്ക്രീൻ മാത്രം.
മുഖമറിയുന്നില്ല, പേരറിയുന്നില്ല.
സ്മാർട്ട് ഫോണുള്ളവരും
ഇൻ്റർനെറ്റുള്ളവരും
ലോഗ് ഓൺ ചെയ്യുന്നു
ജോയിൻ ചെയ്യുന്നു.
ബാക്കിയുള്ളവർ
ഔട്ട് ഓഫ് റെയ്ഞ്ച്
എന്നും എപ്പോഴും.

Milon Franz

Milon Franz

Associate Professor, Department of English, St. Xavier’s College for Women, Aluva, Kerala, India

Leave your thoughts

0 Comments

Related Posts

Categories